ജീവചരിത്രം

ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്ത് ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ പുരോഗമന വിദ്യാർഥി രാഷ്ട്രീയത്തിലൂടെ, ചുട്ടുപൊള്ളുന്ന ഒട്ടേറെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്നയാൾ. വിദ്യാർഥി സമരമുഖത്തിൽ ജ്വലിക്കുന്ന തീപന്തമായി സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിയായി. വിദ്യാഭ്യാസ കാലഘട്ടത്തിൽ ആഴവും കഴമ്പുമുള്ള വായനയും, എഴുത്തും സ്വായത്തമാക്കി. വളരെ ചെറുപ്പത്തിൽതന്നെ ലൈബ്രറി പ്രവർത്തനങ്ങളിൽ എർപെട്ടു.

കൊല്ലം S.N. കോളേജിലും, പന്തളം N.S.S. കോളേജിലും പഠിക്കുമ്പോൾ ഡിബേറ്റിംഗ് ടീമിലെ സ്ഥിരാംഗമായിരുന്നു. ഒന്നാം വർഷ ബി.എ.ക്ക് പഠിക്കുമ്പോൾ കേരള യൂത്ത് വെൽഫെയർ ബോർഡിൻറെ യൂത്ത് മാഗസിനിൽ ഉപന്യാസങ്ങളും കവിതകളും എഴുതിയിരുന്നു. "മാതൃഭാഷയും ഉന്നതവിദ്യാഭ്യാസവും" എന്ന ഉപന്യാസത്തിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും 700/- രൂപ കാഷ് അവാർഡ്‌ ഉൾപെടെ ഒന്നാം സമ്മാനം നേടി. കോളേജ് പഠനകാലഘട്ടത്തിൽ ജോൺ കിറ്റ്സിന്റെയും, വില്യംവേർഡ്‌സ്വർത്തിൻറെയും കവിതകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ആർ.ശങ്കർ ഉൾപെടെയുള്ള മഹാരഥന്മാരിൽ നിന്നും ഡിബേറ്റിംഗിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

1967 ൽ സി.പി.ഐ.എമ്മിൽ അംഗമായി. എസ്.എഫ്.ഐ യുടെ ആദ്യത്തെ സംസ്ഥാന പ്രസിഡൻറായിരുന്നു.

പൊതുപ്രവർത്തനരംഗത്ത്‌ അഴിമതിയുടെ കറപുരളാത്ത നിസ്തുല വ്യക്തിത്വം.തെറ്റായ എന്തിനെയും നഖശിഖാന്തം എതിർക്കുവാനും തുറന്നു പറയാനുമുള്ള ചങ്കൂറ്റവും, മടിയില്ലായ്മയും അദ്ദേഹത്തിൻറെ വേറിട്ട പ്രത്യേകതയാണ്. കേരളത്തിൽ ആദ്യമായി നിലവിൽവന്ന ജില്ലാകൌൺസിലുകളിൽ ആലപ്പുഴ ജില്ലാ കൌൺസിൽ പ്രസിഡൻറായി സ്തുത്യർഹമായ സേവനം. ആലപ്പുഴ ടൌണിൻറെ വികസനത്തിന്‌ നിദാനമായ ഒട്ടേറെ കാര്യങ്ങൾ ഈ കാലഘട്ടത്തിൽ നടപ്പാക്കി.

നിരവധി വർഷക്കാലം കേരള യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റംഗമായും, സെനറ്റംഗമായും പ്രവർത്തിക്കുക വഴി യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കാര്യങ്ങളിൽ കൂടി സജീവമായി ഇടപെട്ടു.

കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭാ സാമാജികനായി. പിന്നീട് അമ്പലപ്പുഴ മണ്ഡലത്തിനെ തുടർച്ചയായി രണ്ട് തവണയും പ്രതിനിധീകരിക്കുന്ന എം.എൽ.എ. 2006-2011 കാലത്തെ വി.എസ് മന്ത്രിസഭയിൽ സഹകരണ, കയർ, ദേവസ്വം വകുപ്പുകളെ സജീവമായി നയിച്ച പ്രഗത്ഭനായ മന്ത്രി. ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ദേവസ്വം ബോർഡുകളിലെയും മറ്റും അഴിമതി അവസാനിപ്പിക്കാനെടുത്ത തീരുമാനങ്ങൾ സമൂഹത്തിലാകെ ചർച്ചാവിഷയമായി.

"സഹകരണ നവരത്നം കേരളീയം" എന്ന പദ്ധതിയിലൂടെ സഹകരണവകുപ്പ് കേരള ജനസമൂഹത്തിൻറെയാകെ അത്താണിയായത്‌ കേരളം തിരിച്ചറിഞ്ഞു.

"സഹകരണ വിപണനം കേരളീയം" എന്ന പരിപാടിയിലൂടെ നിത്യോപയോഗ സാധനങ്ങൾ 10% മുതൽ 70% വരെ വിലകുറച്ചു വിൽക്കുക വഴി വിലക്കയറ്റം ശക്തമായി തടയുന്നതിനും പൊതുവിതരണരംഗത്ത്‌ സഹകരണ മേഖലയുടെ ശക്തമായ ഇടപെടലിനും നാന്ദി കുറിച്ചു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും പ്രഗത്ഭനായ സഹകരണ വകുപ്പ് മന്ത്രി. നാമാവശേഷമായിക്കൊണ്ടിരുന്ന സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ പുനരുദ്ധരിക്കുക വഴി സാഹിത്യ സാംസ്കാരിക രംഗത്തെ തൻറെ താൽപര്യവും പ്രതിബദ്ധതയും വിളിച്ചോതുന്ന പ്രവർത്തനം നടത്തി.

ആരോടും വിരോധമില്ലാതെ എന്നാൽ അനീതികളെയും അസമത്വങ്ങളെയും ചങ്കൂറ്റത്തോടെ എതിർത്തുകൊണ്ട് ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജി.സുധാകരൻ വർത്തമാന കാലഘട്ടത്തിലെ സമാനതകളില്ലാത്ത ജനകീയ നേതാവാണ്‌.

Social Media Corner

Facebook Page

Twitter